ദോഹ: ഖത്തറിലെ മൂന്ന് ഇന്ത്യൻ സ്‌കൂളുകൾക്ക് രണ്ട് ഷിഫ്റ്റുകളിലായി അധ്യയനം നടത്താനുള്ള അനുമതി നൽകി. ഇത് പ്രകാരം നിലവിൽ നടന്നു കൊണ്ടിരിക്കുന്ന രാവിലത്തെ ഷിഫ്റ്റിന് പുറമെ ഉച്ചക്ക് ശേഷം ക്ലാസ് ആരംഭിക്കുന്ന രീതിയിൽ പുതിയ ഷിഫ്റ്റ് നടപ്പാക്കും. ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, എം.ഇ. എസ്, ഐഡിയൽ ഇന്ത്യൻ സ്കൂൾ തുടങ്ങിയ സ്കൂളുകൾക്കാണ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.പുതുതായി ഷിഫ്റ്റ് ആരംഭിക്കുന്നതോടെ പ്രവാസി വിദ്യാർഥികളുടെ സ്‌കൂൾ പ്രവേശനത്തിനുള്ള പ്രതിസന്ധിക്ക് വലിയൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാവിലത്തെ ഷിഫ്റ്റിന് തുല്യമായതോ അതിനേക്കാൾ കുറവോ ഫീസ് ആണ് പുതിയ ഷിഫ്റ്റിലും ഈടാക്കാൻ പാടുള്ളൂ. ആകെയുള്ളതിന്റെ അമ്പത് ശതമാനത്തിലധികം കുട്ടികളെ ഉച്ചയ്ക്ക് ശേഷം അനുവദിക്കില്ല. ഉച്ചയ്ക്ക് ശേഷം ചുരുങ്ങിയത് 180 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയവ നിബന്ധനകള്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുന്ന സ്‌കൂളുകള്‍ പാലിക്കണം.