ദോഹ: നോർത്ത് അറ്റ്ലാന്റിക് കോളേജിലെ ഒരു കൂട്ടം വിദ്യാർഥികൾ നിർമിച്ച തമീം അൽ മജ്ദ് ചിത്രം ഗിന്നസ് റെക്കോർഡിലേക്ക്. 16000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ റിറ്റ്സ് കാൾട്ടൺ ഹോട്ടലിന്റെ സമീപത്തുള്ള ദ്വീപിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രിന്റ് ചെയ്ത ചിത്രമാണിത്. രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഉതകുന്ന എന്തെങ്കിലും സംഭാവന തങ്ങളുടേതായി ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു ആശയം ഉദിച്ചതെന്നു സി എൻ എ ക്യൂ വിദ്യാർത്ഥി സൈഫ് അൽ മുഹന്നദി പറഞ്ഞു. അൽ മുഹന്നദിയാണ് ഈ ആശയം മുന്നോട്ട് വെച്ചത്. 104 ചെറു ഭാഗങ്ങൾ യോജിപ്പിച്ചു രൂപീകരിച്ച ചിത്രം പ്രിന്റ് ചെയ്തത് ചൈനയിലെ ഷാങ്ഹായ് നഗരത്തിലാണ്. നിരവധി സന്ദർശകരാണ് ചിത്രം കാണുവാൻ എത്തുന്നത്.