ലോകത്തെങ്ങും ശാന്തി പടർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന നന്മയുടെ ശക്തിയായി മാറാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പ്രസ്താവിച്ചു.ബ്രസൽസിൽ നാറ്റോ അധ്യക്ഷൻ ജീന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാറ്റോയുമായുള്ള സഹകരണത്തിൽ വിവിധ മേഖലകളിലുള്ള യോജിച്ച പ്രവർത്തനങ്ങൾ,വിദ്യാഭ്യാസം ,പരിശീലനം,സൈബർ പ്രതിരോധം , ഊർജ സുരക്ഷ, മാരകായുധങ്ങളുടെ വ്യാപനം തടയുക തുടങ്ങി വിവിധ രംഗങ്ങളിലാണ് തങ്ങൾ ഊന്നുന്നത് .ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ അന്തരാഷ്ട്ര തലത്തിലും മേഖലാതലത്തിലും ഉഭയകക്ഷി ബന്ധങ്ങളിലൂടെയും ഉരുത്തിരിയുമെന്ന കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്.പ്രശ്ങ്ങൾ സമാധാനരൂപത്തിൽ പരിഹരിക്കപ്പെടണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത് .മേഖലയുടെ സുരക്ഷയും ഭദ്രതയും ലോകത്തിന്റെ തന്നെ സമാധാനത്തിന്റെയും ഭദ്രതയുടെയും അടിസ്ഥാനഘടകമാണ് . സൈബർ ഹാക്കിങ്ങും ഡിജിറ്റൽ പൈറസിയുമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പരിണിതഫലമാണ് ഗൾഫ് പ്രതിസന്ധി എന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലെ മര്യാദകളോ അന്താരാഷ്ട്ര നിയമങ്ങളോ പാലിക്കാതെ തികച്ചും ഏകപക്ഷീയമായ നടപടികളാണ് ഖത്തറിനെതിരെ ഉപരോധരാജ്യങ്ങൾ സ്വീകരിച്ചത് . അവർ ഉന്നയിച്ച വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നു ലോകത്തിനു തന്നെ ബോധ്യപ്പെട്ടതാണ്. പക്ഷെ മേഖലയിലെയും അന്താരാഷ്ട്രരംഗങ്ങളിലെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ഉപരോധം ഖത്തറിനു തടസ്സമായില്ലെന്നും അദ്ദേഹം പറഞ്ഞു .