ജാബിർ റഹ്‌മാൻ

‘അക്‌ബർ അലി’യെ (‘ആമി’ സിനിമയിൽ കമൽ ഉപയോഗിച്ച കഥാപാത്രത്തിൻറെ പേര് കടമെടുക്കുന്നു) എനിക്ക് പരിചയമില്ല. ഞാൻ അദ്ദേഹത്തിൻറെ ആരാധകനുമല്ല. പക്ഷേ, ‘ആമി’യുടെ പശ്ചാത്തലത്തിൽ ‘അക്‌ബർ അലി’യുടെ പേര് വീണ്ടും ഉയർന്നു കേൾക്കവെ ഇപ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു, കമല എന്നോട് പറഞ്ഞിട്ടുണ്ട് അവർക്ക് ‘അക്‌ബർ അലി’യോട് പ്രണയം ഉണ്ടായിട്ടില്ലെന്ന്. രണ്ടായിരത്തി ഒന്ന് ജനുവരി അഞ്ചിന് ആണത്. കടവന്ത്രയിലെ സ്റ്റേഡിയം മാൻഷൻസ് അപ്പാർട്മെന്റിലെ അവരുടെ വീട്ടിൽ വെച്ച്. അന്ന് ഭാരതീയ വിദ്യാഭവനിൽ ജേർണലിസം വിദ്യാർത്ഥി ആയിരുന്നു ഞാൻ. ലാബ് ജേർണലിലേക്കു ഒരു ഇൻറർവ്യൂ തയാറാക്കുന്നതിനായാണ് അവിടെ പോയത്. മുൻപ് രണ്ടുതവണ പോയിട്ടുള്ളതിനാൽ അവർക്ക് എന്നെ മനസ്സിലായി. അതുകൊണ്ടു തന്നെ അഭിമുഖം എന്നു കേട്ടപ്പോൾ “ഈ പയ്യനോ” എന്ന ഭാവമൊന്നും കാണിക്കാതെ വളരെ സ്നേഹപൂർവം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പുതിയ വിശ്വാസ പശ്ചാത്തലത്തിൽ മിസ്റ്റിക് കവിതകളെ കുറിച്ച് ചോദിച്ചപ്പോൾ, അവർതൊട്ടടുത്ത ദിവസം ഡയറിയിൽ കുറിച്ചിട്ട ‘യാ അല്ലാഹ്’ എന്ന കവിത എനിക്ക് കാണിച്ചു തന്നു. പിന്നെ അതൊരു വെള്ളക്കടലാസിൽ പകർത്തി പേരും ഒപ്പുമിട്ട് എനിക്കൊരു ഓട്ടോഗ്രാഫ് ആയി തന്നു. “കഴിഞ്ഞ ദിവസം എഴുതിയ കവിതയാണ്. ആരെയും കാണിച്ചിട്ടില്ല. കുട്ടി വെച്ചോളൂ” എന്നു പറഞ്ഞു. പിന്നീട് അത് ഒരു കവിതാ സമാഹാരത്തിലൂടെ പുറത്തു വന്നു.

ഞാൻ നടത്തിയ അഭിമുഖം വിദ്യാഭവനിലെ അദ്ധ്യാപകൻ കൂടിയായ മനോരമയിലെ അന്നത്തെ എഡിറ്റോറിയൽ ബോർഡ് അംഗവും എഴുത്തുകാരനുമായ പോൾ മണലിലിനെ കാണിച്ചു. സാറ് പറഞ്ഞു: “ഇത് നല്ല ഐറ്റം ആണ്. ലാബ് ജേർണലിൽ കൊടുത്തോളൂ. പക്ഷെ അതിനു മുൻപ് ഏതെങ്കിലും ഒരു മുൻനിര ആനുകാലികത്തിന് അയച്ചുകൊടുക്കൂ. ഉറപ്പായിട്ടും പ്രസിദ്ധീകരിക്കും”.

അത് ഞാൻ സ്‌കൂൾ ഓഫ് ലെറ്റേഴ്സിലെ സഹപാഠിയും ഇപ്പോൾ മനോരമയിലെ സീനിയർ സബ് എഡിറ്ററുമായ ശ്രീജിത്ത് പെരുന്തച്ചനോട് പറഞ്ഞു. ശ്രീജിത്ത് സുഹൃത്തായ കുങ്കുമത്തിലെ എഡിറ്റർക്ക് അയച്ചുകൊടുത്തിട്ടു എന്നോട് പറഞ്ഞു “നിൻറെ ആ കുളിപ്പിച്ച് പൊട്ടുതൊടീച്ച ഐറ്റം മിക്കവാറും കുങ്കുമത്തിൻ്റെ കവർ ആയി വരും”.

രണ്ടായിരത്തിയൊന്ന് ഏപ്രിൽ പതിനഞ്ചിൻറെ ലക്കത്തിൽ “കരിവളകളുടെ കിലുക്കം” എന്ന ആ അഭിമുഖം കവർ സ്റ്റോറിയായി. എൻ്റെ ആമുഖം അവർ മുഖചിത്രത്തിനൊപ്പം കൊടുത്തു. ഏതാനും ദിവസം കഴിഞ്ഞു ഞാൻ കമല സുരയ്യയെ വിളിച്ചു. അവർ പറഞ്ഞു: “ഇൻറ്റർവ്യൂ ചെയ്‌തവരിൽ പലരും എന്നെ ഉപദ്രവിച്ചിട്ടേ ഉള്ളൂ. കുട്ടി എന്നെ ഉപദ്രവിച്ചില്ല, നന്ദിയുണ്ട്.”

അന്നത്തെ ഇൻറർവ്യൂവിനു ശേഷം കുറച്ചു നേരം മറ്റു കാര്യങ്ങൾ പറഞ്ഞിരിക്കെ ഒരു ധൈര്യത്തിന് ഞാൻ ചോദിച്ചു: “എന്തായി ‘അക്‌ബർ അലി’യുമായുള്ള പ്രണയം, പലരും പറയുന്നുണ്ടല്ലോ?”

ഒട്ടും അക്ഷോഭ്യ ആവാതെ നിറയെ ചിരിച്ചുകൊണ്ട് കമല പറഞ്ഞു: “ഞാനോ? ‘അക്‌ബർ അലി’യുമായി പ്രണയമോ? ‘അക്‌ബർ അലി’ ഒരു കോലാടാണ് കുട്ടീ. ഞാൻ ഒരു സിംഹക്കുട്ടിയല്ലേ! ഒരു സിംഹക്കുട്ടിയെങ്ങനെയാണ് ഒരു കോലാടിനൊപ്പം ഇരിക്കുക? പറയുന്നവരൊക്കെ എന്തും പറഞ്ഞോട്ടെ. ഞാൻ അതൊക്കെ കേട്ട് ഇവിടെ ഇങ്ങനെ ഇരിക്കും”.

ഞാൻ ഇത് കുങ്കുമത്തിലെ അഭിമുഖത്തിൽ ചേർത്തില്ല. വിവാദത്തിന് വഴിവെച്ചേക്കാവുന്ന ഈ ചോദ്യം ഞാൻ ഉദ്ദേശിച്ചിരുന്നില്ല എന്നതു തന്നെ കാരണം. ‘അഭിമുഖത്തിന് നല്ല പഞ്ച് ഉണ്ടാകുമെന്നതിനാൽ’ അതുകൂടി ഉൾപ്പെടുത്താനായി സുഹൃത്തുക്കളിൽ ചിലർ പ്രേരിപ്പിച്ചിരുന്നുവെങ്കിലും.

പിന്നീട് കണ്ടപ്പോൾ എൻ്റെ പ്രിയ അധ്യാപകൻ കൂടിയായ കവി ഡി വിനയചന്ദ്രൻ പറഞ്ഞു: “മാധവിക്കുട്ടിയുമായുള്ള ജാബിറിൻറെ അഭിമുഖം കുങ്കുമത്തിൽ കണ്ടിരുന്നു. നന്നായിരുന്നു. പക്ഷെ, മാധവിക്കുട്ടി മുസ്‌ലിം ആകേണ്ടിവന്നു ജാബിറിന് ഇൻറ്റർവ്യൂ ചെയ്യാൻ!”

സംസാരത്തിനൊടുവിൽ കമല സഹായിയെ ഉച്ചത്തിൽ വിളിച്ചു: “സരസ്വതീ, കുട്ടികൾക്ക് റ്റൊമാറ്റോ ജ്യൂസ് കൊടുക്കൂ”. തക്കാളി ജ്യൂസിനായി ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിലേക്ക് അറബികൾ ഖാവ എന്ന കയ്‌പ്പേറിയ കാപ്പി കുടിക്കുന്നത്ര ചെറിയ കപ്പിൽ മരുന്നു തരുന്നത്ര അളവിൽ തക്കാളി ‘ജ്യൂസു’മായി സരസ്വതി വന്നു. പുളിച്ചിട്ട് ഇറക്കാൻ വയ്യാത്ത ആ പാനീയം ജ്യൂസല്ല, സൂപ്പ് ആയിരുന്നു എന്ന് ഞങ്ങൾക്കുണ്ടോ അറിയുന്നു. അവരു കാണാതെ ഞങ്ങൾ പരസ്പരം കാലിൽ ചവിട്ടി.

മുൻപൊരിക്കൽ ശ്രീജിത്ത് പെരുന്തച്ചനൊപ്പം കമലയെ കാണാൻ പോയത് രസകരമായ അനുഭവമായിരുന്നു. ഭാഷാപോഷിണിയിൽ ശ്രീജിത്തിൻറെ കോളത്തിലേക്ക് ഐറ്റം ചെയ്യാനായാണ് അവിടെ ചെന്നത്. സംസാരത്തിനൊടുവിൽ കമല സഹായിയെ ഉച്ചത്തിൽ വിളിച്ചു: “സരസ്വതീ, കുട്ടികൾക്ക് റ്റൊമാറ്റോ ജൂസ് കൊടുക്കൂ”. തക്കാളി ജൂസിനായി ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിലേക്ക് അറബികൾ ഖാവ എന്ന കയ്‌പ്പേറിയ കാപ്പി കുടിക്കുന്നത്ര ചെറിയ കപ്പിൽ മരുന്നു തരുന്നത്ര അളവിൽ തക്കാളി ‘ജൂസു’മായി സരസ്വതി വന്നു. പുളിച്ചിട്ട് ഇറക്കാൻ വയ്യാത്ത ആ പാനീയം ജൂസല്ല, സൂപ്പ് ആയിരുന്നു എന്ന് ഞങ്ങൾക്കുണ്ടോ അറിയുന്നു. അവരു കാണാതെ ഞങ്ങൾ പരസ്പരം കാലിൽ ചവിട്ടി.

ഈ അടുത്തിടെ ‘പേര് എടുത്ത കഥകൾ’ എന്ന തൻ്റെ പുസ്‌തകം എനിക്ക് സമ്മാനിച്ചപ്പോൾ ശ്രീജിത്ത് ഓട്ടോഗ്രാഫ് എഴുതി: ‘സ്ഥലം: റോയൽ സ്റ്റേഡിയം മാൻഷൻസ്. സമയം: ഇന്നലത്തെ പോലെ. ഒരു തക്കാളി ജൂസിൻറെ ഓർമ്മക്ക്.’