ഐ ഫോൺ വേഗത കുറയൽ : മാപ്പു ചോദിച്ച് ആപ്പിൾ

സാൻ ഫ്രാൻസിസ്‌കോ: ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ ആപ്പിളിന് വൻ തിരിച്ചടി. ഐ ഓ സ് അപ്ഡേറ്റ് ചെയ്താൽ പഴയ ഫോണുകളുടെ പ്രവർത്തന വേഗത കുറയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉപഭോകതാക്കളുടെ പരാതികൾ നിരന്തരം ലഭിച്ചിരുന്നു. ചിലർ കോടതിയെയും സമീപിച്ചു. ഇതേ തുടർന്നാണ് ആപ്പിൾ കമ്പനിക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ മാപ്പു പറഞ്ഞു കൊണ്ടുള്ള കുറിപ്പ് ഇറക്കേണ്ടി വന്നത്.

“നിങ്ങളിൽ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപഭോക്താക്കൾക്ക് ആവശ്യമുള്ളിടത്തോളം കാലം ഐഫോൺ ഉപയോഗിക്കാൻ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.” ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സന്ദേശത്തിൽ പറയുന്നു.

സംഭവത്തെ തുടർന്ന് ഐഫോൺ ബാറ്ററിയുടെ വിലയും കുറച്ചിട്ടുണ്ട്. ഐഫോൺ 6 നു 29 ഡോളറിനു ബാറ്ററി മാറ്റി വാങ്ങാം. നിലവിൽ 79 ഡോളറാണ് ബാറ്ററി വില. ഏറ്റവും നല്ല രീതിയിൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഉടൻ തന്നെ നൽകുമെന്നും കമ്പനി അറിയിപ്പിൽ പറയുന്നുണ്ട്. വിപണന തന്ത്രത്തിന്റെ ഭാഗം മാത്രമായാണ് ഈ മാപ്പു പറച്ചിലെന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.