ഉപരോധ രാജ്യമായ യു.എ ഇ യെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഖത്തർ ടിം ഏഷ്യാ കപ്പ് ഫൈനലിൽ എത്തിയതോടെ രാജ്യം ആവേശക്കൊടുമുടിയിലായി. നേരത്തെ സൗദിയെ 2-0 ന് തകർത്തു വിട്ട ഖത്തർ ടീം ഇത്തവണ 4-0 എന്ന കനത്ത ആഘാതമാണ് ഇമാറാത്തിന് വേണ്ടി കരുതി വെച്ചിരുന്നത് . ചാമ്പ്യൻഷിപ്പിന്റെ തുടക്കം മുതൽ ഖത്തറിനെ പ്രയാസപ്പെടുത്തുന്ന ഒട്ടനവധി നീക്കങ്ങൾ ആഥിതേയ രാജ്യത്തിൽ നിന്നും ഉണ്ടായി . സ്റ്റേഡിയത്തിൽ സ്വന്തം നാട്ടുകാർ ആരുമില്ലാതെ ഖത്തറിന് കളിക്കേണ്ടതായും വന്നു . അന്യ രാജ്യക്കാർ ഖത്തറിനെ പ്രോൽസാഹിപ്പിക്കുന്നത് തടയാൻ ടിക്കറ്റ് ഒറ്റയടിക്ക് വാങ്ങി സ്വന്തം നിലയിൽ വിതരണം ചെയ്യുന്ന അവസ്ഥയും ഉണ്ടായി. മത്സരങ്ങളിലുടനീളം ഖത്തർ ടീമിനെതിരെ ആക്രോശങ്ങളും പതിവായിരുന്നു . സെമി ഫൈനൽ മത്സരത്തിൽ ഖത്തർ രണ്ടാം ഗോൾ നേടിയപ്പോൾ കാണികളിൽ ചിലർ ചെരിപ്പുകളും കുപ്പികളും ടീമിനു നേരെ എറിയുന്ന അവസ്ഥ വരെ ഉണ്ടായി . എല്ലാ പ്രകോപനങ്ങൾക്കും സ്പാർട്സ്മാൻ സ്പിരിറ്റോടെ ഉജ്വലമായ പ്രകടനത്തോടെ മറുപടി നൽകുകയാണ് ഖത്തർ ടീം ചെയ്തത് . ഉപരോധത്തെ മറികടക്കാൻ രാജ്യം കാണിച്ച പക്വമായ ചുവടുവെപ്പുകൾ തന്നെയാണ് ടീമും മാത്യകയാക്കിയത് . കതാറ, ആസ്പയർ, സുഖ് വാഖിഫ് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിൽ കളി കാണാൻ എത്തിയവർ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഖത്തർ ടീമിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു . കോർണിഷിൽ വാഹനങ്ങളുമായി ആരാധകർ ടീമിന്റെ ഫൈനൽ പ്രവേശം ആഘോഷിച്ചു . എല്ലാ വെല്ലുവിളികളെയും പ്രകോപനങ്ങളെയും തൃണവൽഗണിച്ച് ശത്രുവിനെ അതിന്റെ മടയിൽ കയറി തുരത്തിയ ഖത്തറിന്റെ ചുണക്കുട്ടികളെ അനുമോദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ .