റാസല്‍ഖൈമ : ശനിയാഴ്ച രാവിലെ മുതല്‍ യു.എ.ഇ. യുടെ കിഴക്കുവടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ പെയ്തു. ചില പ്രദേശങ്ങളില്‍ ശക്തമയ ഇടിമിന്നലും ഉണ്ടായിരുന്നു. തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റാസല്‍ഖൈമയില്‍ വടക്കന്‍ മലയോര പ്രദേശങ്ങളായ അല്‍ജീര്‍, ഷാം, ഖോര്‍ ഖോര്‍ എന്നിവിടങ്ങളിലെ വാദികളിലും മലയോര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. തെക്കു കിഴക്കന്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും മഴ ലഭിച്ചു. എന്നാല്‍ പ്രധാന നഗരപ്രദേശങ്ങളില്‍ ഇടിമുഴക്കമാണ് അനുഭവപ്പെട്ടത്. നഗരപ്രദേശങ്ങളില്‍ ചെറിയ മഴ പെയ്യുന്നുണ്ട്. റാക് ഖലീഫ ആസ്​പത്രിക്ക് സമീപം താഴ്വരകളില്‍ മഞ്ഞു മഴ പെയ്യുകയും ചില പ്രവിശ്യകള്‍ മഞ്ഞില്‍ മൂടുകയും ചെയ്തു.
Rain UAE
യു.എ.ഇ. യിലെ ഉയര്‍ന്ന മലനിരയായ ജബല്‍ ജയിസിലും മഞ്ഞും മഴയും പെയ്തു. കടുത്ത തണുപ്പനുഭവപ്പെടുന്ന മലനിരകള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 18-ന് തിങ്കളാഴ്ച വരെ കനത്ത മഴയും, ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തണുപ്പു കാലത്തിനൊപ്പം എത്തിയ മഴ ശക്തമായി പെയ്തതിനെത്തുടര്‍ന്ന് വടക്കന്‍ മേഖലകളില്‍ വാദികളും താഴ്വാരങ്ങളിലെ അരുവികളും നിറഞ്ഞൊഴുകുന്നുണ്ട്. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ ത്തുടര്‍ന്ന് ഗതാഗതവും തടസ്സപ്പെട്ടു. ഉമല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലും മഴ പെയ്തു.