ദുബായ്: വിപണിയില്‍ പുതിയ പരീക്ഷണങ്ങളിലേക്ക് നീങ്ങുകയാണ് യു.എ.ഇ.യും സൗദി അറേബ്യയും. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുതുവര്‍ഷത്തില്‍ രണ്ട് രാജ്യങ്ങളും മൂല്യവര്‍ധിതനികുതി (വാറ്റ്) ചുമത്തും.

ഗള്‍ഫ് രാജ്യങ്ങളെല്ലാം 2018 ജനുവരി മുതല്‍ വാറ്റ് നടപ്പാക്കാനുള്ള തീരുമാനത്തിലെത്തിയത് കഴിഞ്ഞവര്‍ഷമാണ്. എന്നാല്‍, ആദ്യഘട്ടത്തില്‍ സൗദിയും യു.എ.ഇ.യും മാത്രമാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. ജൂണ്‍ അഞ്ചിന് സൗദിയും യു.എ.ഇ.യും പ്രഖ്യാപിച്ച ഉപരോധത്തോടെ ഖത്തര്‍ ഇപ്പോള്‍ വാറ്റിനെക്കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. മറ്റ് ഗള്‍ഫ് നാടുകളെല്ലാം ഈവര്‍ഷം തന്നെ വാറ്റ് നടപ്പാക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ കരുതുന്നത്.

സേവനങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിചുമത്താനാണ് യു.എ.ഇ.യുടെയും സൗദിയുടെയും തീരുമാനം. ഇതുവരെ നികുതി ഇല്ലാതെ വ്യാപാരം നടത്തിയിരുന്ന രണ്ട് രാജ്യങ്ങളിലെയും വ്യാപാരിസമൂഹം പുതിയ പരിഷ്‌കാരത്തെ ആശങ്കയോടെയാണ് സമീപിക്കുന്നത്. പ്രതിവര്‍ഷം പത്ത് മുതല്‍ 12 ബില്യണ്‍ ദിര്‍ഹം വരെയാണ് പുതിയ നികുതിയിലൂടെ യു.എ.ഇ. പ്രതീക്ഷിക്കുന്നത്. മൂന്നുവര്‍ഷമായി താഴ്ന്നുനില്‍ക്കുന്ന എണ്ണവിലയാണ് ഗള്‍ഫ് നാടുകളെ നികുതി സമ്പ്രദായത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വാറ്റ് നടപ്പാക്കുന്നതോടെ ആഭ്യന്തര വാര്‍ഷിക വളര്‍ച്ചയില്‍ 0.8 ശതമാനത്തിന്റെ വര്‍ധനയാണ് യു.എ.ഇ. കണക്കുകൂട്ടുന്നത്.

എന്നാല്‍, ഗള്‍ഫ് നാടുകളിലെ പ്രവാസികളാകട്ടെ പുതിയ നികുതികള്‍ ജീവിതച്ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്കയിലാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി വരുന്നതോടെ അത് യാഥാര്‍ഥ്യമാവുമെന്ന് എല്ലാവരും ഉറപ്പിക്കുന്നു. നിത്യോപയോഗ വസ്തുക്കള്‍, വൈദ്യുതി, വെള്ളം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് എന്നിവയെല്ലാം വാറ്റിന്റെ പരിധിയില്‍വരും.

അതേസമയം, വ്യാപാരികളിലും ആശങ്കയുണ്ട്. ജൂവലറി ഉടമകളാണ് ഇതില്‍ മുന്നില്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി വരുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള വിലയിലെ വ്യത്യാസം കുറയുമെന്നും അത് വില്‍പ്പനയെ ബാധിക്കുമെന്നും വ്യാപാരികള്‍ ആശങ്കപ്പെടുന്നു. സിറ്റി ഓഫ് ഗോള്‍ഡ് എന്ന ദുബായിയുടെ വിശേഷണത്തിന് വാറ്റ് മങ്ങലേല്‍പ്പിക്കുമോ എന്നതാണ് വ്യാപാരികളുടെ സംശയം.

ഇതുവരെ കാര്യമായ കണക്കുകളോ ബില്‍ നല്‍കുന്ന രീതികളോ പല വ്യാപാരസ്ഥാപനങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. ആരെയും വ്യാപാരത്തിന്റെ കണക്കുകള്‍ ബോധിപ്പിക്കേണ്ടതില്ല എന്ന ആനുകൂല്യം കാരണമായിരുന്നു ഇത്. എന്നാല്‍ ഇനിമുതല്‍ വ്യാപാരം നിരീക്ഷിക്കപ്പെടും എന്നതിനാല്‍ എല്ലാ കണക്കുകളും തയ്യാറാക്കേണ്ടി വരും. വാറ്റിനായി വ്യാപാരികള്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന തിരക്കിലാണിപ്പോള്‍. ഈ അവസ്ഥ മുന്നില്‍ക്കണ്ട് ഒട്ടേറെ അക്കൗണ്ടിങ് സ്ഥാപനങ്ങളും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും യു.എ.ഇ.യിലും സൗദിയിലും ഓഫീസ് തുടങ്ങിക്കഴിഞ്ഞു. വാറ്റിന്റെ വരവോടെ കണക്കുകള്‍ ക്രമീകരിക്കാനായി നിരവധി ആപ്ലിക്കേഷനുകളും വിവിധ സോഫ്‌റ്റ്വേര്‍ കമ്പനികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

പുകയില ഉത്പന്നങ്ങള്‍ക്ക് നൂറും ശീതളപാനീയങ്ങള്‍ക്ക് അമ്പതും ശതമാനം എക്‌സൈസ് തീരുവ രണ്ടിടത്തും ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. ഈവര്‍ഷം ജൂണിലാണ് സൗദി ഇത് നടപ്പാക്കിയത്. ഒക്ടോബര്‍ മുതല്‍ യു.എ.ഇ.യും എക്‌സൈസ് നികുതി പ്രാബല്യത്തിലാക്കി. ഇനിയും ഒരു നികുതികൂടി വരുമെന്നാണ് യു.എ.ഇ.യുടെ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തന്നെ നല്‍കുന്ന സൂചന. ആഡംബരവാഹനങ്ങള്‍ക്കോ അതുപോലുള്ള കാര്യങ്ങള്‍ക്കോ ആവാം ഇതെന്നാണ് സൂചന.

വിദ്യാഭ്യാസം, ആരോഗ്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, ആഭരണങ്ങള്‍, ഗതാഗതം, ഭക്ഷണം, എണ്ണ, പാചകവാതകം, സര്‍ക്കാര്‍ സേവനങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ തുടങ്ങി ജനജീവിതവുമായി ചേര്‍ന്നുകിടക്കുന്ന മേഖലകളില്‍ വാറ്റ് നിലവില്‍വരും. എന്നാല്‍ ഈ മേഖലയിലെ ചില കാര്യങ്ങള്‍ക്ക് നികുതി ബാധകമാവില്ല. ആരോഗ്യം, വാഹനം, വസ്തു തുടങ്ങിയവയ്ക്കുള്ള ഇന്‍ഷുറന്‍സിനും റീ ഇന്‍ഷുറന്‍സിനും അഞ്ച് ശതമാനം വാറ്റ് ഈടാക്കും. അതേസമയം വിമാനടിക്കറ്റുകള്‍ക്ക് വാറ്റ് ബാധകമാക്കിയിട്ടില്ല.