സാമൂഹിക മാധ്യമങ്ങളിൽ ഉൾ​പ്പെടെ ശരീരഭാരം കുറക്കാൻ പുതിയ ഭക്ഷണക്രമീകരണ നിർ​ദേശങ്ങൾ നിറയുന്നത്​ കാണാം. അമിതഭാരം കുറക്കാനുള്ള ഇത്തരം പൊടികൈകൾ അനാരോഗ്യത്തിന്​ വഴിവെക്കും. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം ആരോഗ്യ പ്രശ്​നങ്ങൾ ബാധിക്കുന്നത്​ കുറവാണ്​.

ഭാരം കുറക്കാനായി നിർദേശിക്കപ്പെടുന്ന ഇത്തരം ഭക്ഷണക്രമീകരണങ്ങൾ പുതിയ ആരോഗ്യപ്രശ്​നങ്ങളായി മാറുന്നു. ഹൃസ്വകാലത്തേക്കാണ്​ ഇത്തരം ഭക്ഷണക്രമീകരണങ്ങൾ നിർദേശിക്കുന്നുവെന്നതാണ്​ ഏറെ അപകടകരം.

1. ഹൃസ്വകാല ഭക്ഷണക്രമീകരണം ദീർഘകാല ഗുണം ചെയ്യില്ല

ശരീരഭാരം കുറക്കാനായി അൽപ്പകാലത്തേക്ക്​ നടത്തുന്ന ക്രമീകരണങ്ങൾ പിന്നീട്​ തിരിച്ചടിക്കുന്നത്​ കാണാം. കുറഞ്ഞ ശരീരഭാരം വൈകാതെ തിരിച്ചെത്തും. വിചിത്രകരമായ ഇൗ ക്രമീകരണം ശരീരത്തിന്​ ആവശ്യം വേണ്ട ഭക്ഷണം പോലും തടയാൻ ഇടയാക്കും. ഇത്​ ദീർഘകാലാടിസ്​ഥാനത്തിൽ ദോഷം ചെയ്യും.

2. ശരീരത്തെ ദുർബലപ്പെടുത്തും

അതിജീവനത്തിന്​ ഉൗർജം അനിവാര്യമാണ്​. ഉൗർജമുണ്ടെങ്കിൽ മാത്രമേ ദൈനന്തിന ജോലികൾ പൂർത്തിയാക്കാനാകൂ. കാർബോഹൈഡ്രേറ്റ്​ ആണ്​ ശരീര ഉൗർജത്തിന്‍റെ പ്രാഥമിക ഉറവിടം. വഴിതെറ്റിക്കുന്ന ഭക്ഷണക്രമത്തിലൂടെ കാർബോഹൈഡ്രേറ്റിന്‍റെ അളവാണ്​ നിയന്ത്രിക്കപ്പെടുന്നത്​. അതുവഴി ഒരു പക്ഷെ ശരീരഭാരം കുറഞ്ഞാലും അത്​ നിങ്ങളെ മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കും.

3. ആശങ്കയും നിരാശയും

വഴി​തെറ്റിക്കുന്ന ഭക്ഷണക്രമം മാനസിക പ്രത്യാഘാതങ്ങൾക്കും വഴിവെക്കും. ഹോർമോണുകളുടെ ഉൽപ്പാദ​നത്തെയും അമിനോ ആസിഡുകളുടെ ഉൽപ്പാദനത്തെയും ഇവ ബാധിക്കുന്നു. നിങ്ങളെ മികച്ച മാനസിക ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്ന ഹോർമോണുകളുടെ കുറവ്​ വലിയ ആരോഗ്യ പ്രശ്​നങ്ങളിലേക്ക്​ നയിക്കും.

4. പ്രമേഹ സാധ്യത വർധിപ്പിക്കും

ശരീര ഭാരത്തിലെ പെ​ട്ടെന്നുണ്ടാകുന്ന വ്യതിയാനം ഇൻസുലിൻ പ്ര​തിരോധത്തെയും ബാധിക്കുന്നു. ഇത്​ ടൈപ്പ്​ 2 പ്രമേഹത്തിനും പോഷണപരമായ ആരോഗ്യ പ്രശ്​നങ്ങളിലേക്കും വഴിവെക്കും. സ്​ത്രീകളിൽ ഇത്​ കാൻസറിലേക്കും പക്ഷാഘാതത്തിലേക്കും വരെ വഴിവെച്ചേക്കാം.

5. താളം പിഴക്കും രക്​തസമ്മർദം

ശരീരത്തിൽ കുറഞ്ഞ കലോറി എന്നാൽ കുറഞ്ഞ സോഡിയം, പൊട്ടാസ്യം, ലവണം എന്നാണ്​. ഇത്​ രക്​ത സമ്മർദത്തിൽ പെ​ട്ടെന്ന്​ മാറ്റങ്ങൾക്ക്​ വഴിവെക്കും. അധ്വാനവും അച്ചടക്കമുള്ള ഭക്ഷണക്രമവുമാണ്​ ആരോഗ്യമുള്ള ശരീരത്തി​ന്‍റെ അടിസ്​ഥാനം.