നല്ല ചുവന്ന കളര്‍ അരപ്പില്‍ കുഴഞ്ഞു കിടക്കുന്ന ചെമ്മീന്‍ റോസ്റ്റ്. വായിക്കുമ്പോഴെ വായില്‍ വെള്ളമൂറുന്നില്ലേ? . കഴിക്കാന്‍ നല്ല സ്വാദാണെങ്കിലും ചെമ്മീന്‍ റോസ്റ്റ് പരുവത്തിലാക്കണമെങ്കില് അല്‍പ്പമൊന്ന് മിനക്കെടണം. ചെമ്മീന്‍ വൃത്തിയാക്കുന്നത് പലര്‍ക്കും തലവേദന പിടിച്ച പണിയാണ്.
എങ്ങനെ ചെമ്മീന്‍ വൃത്തിയാക്കാം ? ചെമ്മീനിന്റെ തലയാണ് ആദ്യം നുള്ളി മാറ്റേണ്ടത്. കത്തി ഉപയോഗിക്കാതെ തന്നെ കൈ ഉപയോഗിച്ച് ഇത് ചെയ്യാം.
പിന്നീട് കാലുകള്‍ പതുക്കെ അടര്‍ത്തിമാറ്റുക. ശേഷം പതുക്കെ വലിച്ചാല്‍ പുറം തോട് അടര്‍ന്നു പോകും.
ചെമ്മീനിന്റെ മുകള്‍ ഭാഗത്തായി കറുത്ത നിറത്തില്‍ നാരുപോലെ ഒരു ഭാഗം കാണാം. ഇത് വലിച്ച് കളഞ്ഞ് വൃത്തിയാക്കേണ്ടതാണ്. ഈ നാര് അടങ്ങിയ ചെമ്മീന്‍ ചിലരില്‍ അലര്‍ജി, ഉദരസംബന്ധമായ അസുഖം എന്നിവയ്ക്ക് കാരണമാകാറുണ്ട്. കത്തി ഉപയോഗിച്ച് മുകള്‍ ഭാഗത്ത് ചെറുതായി വരഞ്ഞാല്‍ ഈ നാര് വേഗത്തില്‍ പുറത്തെടുത്ത് ചെമ്മീന്‍ വൃത്തിയാക്കാം.
ചെമ്മീനിന്റെ തല ഭാഗവും ഉപയോഗപ്രദമാണ്. തലയിലെ നാരുകളും പുറം തോടും കളഞ്ഞാല്‍ ചെമ്മീന്‍ തലയും സ്വാദേറിയ വിഭവമാക്കാം.
എളുപ്പവഴി
ചെമ്മീന്‍ തോടോടുകൂടി ചൂടുവെള്ളത്തില്‍ ഇട്ടു തിളപ്പിച്ച ശേഷം മുകളില്‍ പറഞ്ഞതുപോലെ വൃത്തിയാക്കാവുന്നതാണ്.