ചായ പ്രേമികൾക്ക്​ വീണ്ടും സന്തോഷ വാർത്ത. ദിവസം ഒരു കപ്പ്​ ചൂട്​ ചായയെങ്കിലും കുടിക്കുന്നവരിൽ അന്ധത വരുത്തുന്ന ഗ്ലൂക്കോമ രോഗത്തിനുള്ള സാധ്യത കുറവാണെന്ന്​ പുതിയ പഠനം. എന്നാൽ കഫെയിൻ അംശം ഒഴിവാക്കിയ കോഫി, ചായ എന്നിവ കുടിക്കുന്നവരിലും തണുപ്പിച്ച ചായ, മറ്റ്​ കൃത്രിമ പാനീയങ്ങൾ എന്നിവ കുടിക്കുന്നത്​ ഗ്ലൂക്കോമ സാധ്യ​തയെ തടയുന്നതിൽ പങ്കുവഹിക്കുന്നില്ലെന്നും പഠനം വ്യക്​തമാക്കുന്നു.

ഗ്ലൂക്കോമ കണ്ണിനകത്ത്​ ഫ്ലൂയിഡ്​ സമ്മർദമുണ്ടാക്കുകയും അതുവഴി നേത്ര നാഡികളുടെ ഭ്രംശത്തിന്​ കാരണമാവുകയും ചെയ്യുന്നു. ലോകത്ത്​ ഏറ്റവും കൂടുതൽ പേരുടെ കാഴ്ചയെടുത്ത നേത്ര രോഗം കൂടിയാണിത്​. നിലവിൽ 57.5 മില്ല്യൺ പേരെ ഇത്​ ബാധിക്കുകയും 2020ഒാടെ ഇത്​ 65.5 മില്ല്യൺ ആയി ഉയരുമെന്നുമാണ്​ കണക്ക്​.

കഫെയിൻ ഇൻട്രാകുലർ സമ്മർദത്തിൽ മാറ്റം വരുത്തുമെന്നായിരുന്നു നേരത്തെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നത്​. എന്നാൽ ഗ്ലൂക്കോമ ബാധയെ കഫെയിൻ ഉള്ള പാനീയങ്ങളും ഇല്ലാത്തപാനീയങ്ങളും എങ്ങനെ സ്വാധീനിക്കുന്നുവെന്ന്​ ഇതുവരെ താരതമ്യ പഠനം നടന്നിരുന്നില്ല. 2005 -06ൽ അമേരിക്കയിൽ നടന്ന നാഷനൽ ഹെൽത്ത്​ ആന്‍റ് ​ ന്യൂട്രീഷ്യൻ എക്​സാമിനേഷൻ സർവെ വിവരങ്ങൾ താരതമ്യം ചെയ്​താണ്​ ഗവേഷകർ പുതിയ കണ്ടുപിടുത്തത്തിൽ എത്തിയത്​.

പതിനായിരം പേരെ നേരിൽ കണ്ടും ശാരീരിക, രക്​ത പരിശോധനകൾ നടത്തിയുമായിരുന്നു സർവെ. ഗ്ലൂക്കോമക്കായി നടത്തിയ പ്രത്യേക പരിശോധനയിൽ 1678 പേരിൽ അഞ്ച്​ ശതമാനം പേർക്ക്​ ഇൗ രോഗാവസ്​ഥയുള്ളതായി കണ്ടെത്തുകയായിരുന്നു. ഇവരോട്​ കഫെയിനുള്ള പാനീയവും ഇല്ലാത്ത പാനീയവും കുടിക്കുന്നത്​ സംബന്ധിച്ചും ചോദിച്ചിരുന്നു. ഇവരിൽ കഫെയിൻ ഒഴിവാക്കാത്ത ചൂടുചായ കുടിച്ചവരിൽ ആണ്​ ഏറ്റവും കുറഞ്ഞ ഗ്ലൂക്കോമ സാധ്യതയുള്ളതെന്ന്​ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രമേഹം, പുകവലി എന്നിവയുള്ള ചായ കുടിക്കാരിൽ 74 ശതമാനം ഗ്ലൂക്കോമ സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.