ദോഹ: അടുത്തവര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ കാര്‍ഗോ പരിപാലകരാകാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ എയര്‍വേയ്‌സ്. നിലവില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ഗോയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റേത്.
നിലവില്‍ അറുപത് കേന്ദ്രങ്ങളിലാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ എത്തുന്നതെന്നും അടുത്ത വര്‍ഷത്തോടെ രണ്ടാംസ്ഥാനത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ. അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു. തായ്‌ലന്‍ഡിലെ ചിയാങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രാവിമാനങ്ങള്‍ 150-തിലധികം കേന്ദങ്ങളിലാണ് സര്‍വീസ് നടത്തുന്നത്.

ആഗോളതലത്തില്‍ സര്‍വീസ് വികസിപ്പിക്കുന്ന തിരക്കിലാണ് ഖത്തര്‍ എയര്‍വേയ്‌സ്. സെപ്റ്റംബറിലാണ് ആദ്യ ബോയിങ് 747-8 ചരക്ക് വിമാനം തുടങ്ങിയത്. അടുത്തിടെ രണ്ടാമത്തെ 747-8 ചരക്ക് വിമാനവും സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ചരക്ക് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് മാര്‍ക്കറ്റിങ് -കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സലാം അല്‍ ഷവ പറഞ്ഞു. നിലവില്‍ ബോയിങ് വിമാനങ്ങള്‍ കൂടാതെ എട്ട് എയര്‍ബസ് എ 330 ചരക്ക് വിമാനങ്ങളും 13 ബോയിങ് 777 എഫ് ചരക്ക് വിമാനങ്ങളുമാണ് കാര്‍ഗോക്കുള്ളത്.