ദോഹ: അറബ് ലോകത്തില്‍ ഏറ്റവുംകൂടുതല്‍ കരുതല്‍ വൈദ്യുതി ശേഖരമുള്ളത് ഖത്തറിനാണെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ).

മൂവായിരം മെഗാവാട്ട് അധിക വൈദ്യുതിയാണ് രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിലുള്ളതെന്ന് കഹ്‌റാമ പ്രസിഡന്റ് എന്‍ജിനീയര്‍ ഇസ്സ ബിന്‍ ഹിലാല്‍ അല്‍ ഖുവാരി പറഞ്ഞു. നിലവിലെ ആവശ്യകതയേക്കാള്‍ 25 ശതമാനം അധികം വെള്ളവും രാജ്യത്തിനുണ്ട്. കഹ്‌റാമ ആസ്ഥാനത്ത് ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 2017-ല്‍ വലിയനേട്ടങ്ങളാണ് കഹ്‌റാം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങള്‍ക്കായി നിരവധി വൈദ്യുതി സ്റ്റേഷനുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. മധ്യപൂര്‍വ മേഖലയിലെ ഏറ്റവുംവലിയ തുറമുഖമായ ഹമദിലേക്ക് വൈദ്യുതിയും വെള്ളവും വിതരണം ചെയ്യാന്‍ കഴിഞ്ഞതിലും കഹ്‌റാമയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.എസ്. പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പ്രാദേശിക, മേഖലാ, അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഈ വര്‍ഷം കഹ്‌റാമയ്ക്ക് ലഭിച്ചിരുന്നു. രാജ്യത്തിന്റെ ജലസുരക്ഷയുടെ നട്ടെല്ലായി മാറുന്ന ഏറ്റവും വലിയ ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ലോകത്തില്‍ വെച്ചേറ്റവുംവലിയ ജലസംഭരണിയാണ് രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്നത്. നൂറ്് ദശലക്ഷം ഗാലന്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ളതാണ് സംഭരണികള്‍. ഇത്തരത്തില്‍ പതിനഞ്ച് ജല സംഭരണികളാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനം അടുത്തവര്‍ഷം മധ്യത്തോടെ ആരംഭിക്കുമെന്നും അല്‍ഖുവാരി പറഞ്ഞു. യഥാസമയങ്ങളില്‍ ജലസുരക്ഷാ പദ്ധതികളും മറ്റ് അടിസ്ഥാനസൗകര്യ വികസനങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ കഹ്‌റാമ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.