ദോഹ: ഏറ്റവും സമ്പൂര്‍ണവും ഉത്തമവുമായ ലോകകപ്പായിരിക്കും 2022-ല്‍ ഖത്തര്‍ ലോകത്തിന് സമ്മാനിക്കുകയെന്ന് ലോകോത്തര ഫുട്‌ബോള്‍ താരമായ ബ്രീസിലിയന്‍ താരം നെയ്മര്‍. ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക കായികസൗകര്യങ്ങളില്‍ വലിയ മതിപ്പുണ്ടെന്നും നെയ്മര്‍ പറഞ്ഞു.

പാരീസ് സെയ്ന്റ് ജര്‍മനി (പി.എസ്.ജി.)യുടെ വാര്‍ഷിക ശൈത്യകാല പരിശീലനക്യാമ്പിനായി ദോഹയിലെ ആസ്​പയര്‍ സോണ്‍ ഫൗണ്ടേഷനിലെത്തിയ നെയ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്തുന്ന ഏറ്റവും മികച്ച ലോകകപ്പ് സമ്മാനിക്കുന്നതിനുള്ള രാജ്യത്തിന്റെ സംഘാടകകഴിവില്‍ പൂര്‍ണമായ വിശ്വാസമുണ്ട്. രാജ്യത്തിന്റെ കായികസൗകര്യങ്ങള്‍ ഓരോ വര്‍ഷം ചെല്ലുന്തോറും കൂടുതല്‍ പുരോഗതിയിലാണെന്നും നെയ്മര്‍ ചൂണ്ടിക്കാട്ടി.

പി.എസ്.ജി.ക്കായി ചാമ്പ്യന്‍സ് ലീഗും ബല്ലോന്‍ ഡി ഓര്‍ അവാര്‍ഡും സ്വന്തമാക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും നെയ്മര്‍ പറഞ്ഞു. ഇത്തവണത്തെ സീസണിന്റെ രണ്ടാം പകുതിക്കായുള്ള ടീമിന്റെ തയ്യാറെടുപ്പുകള്‍ പുരോഗതിയിലാണ്. ഇത്തവണത്തെ സീസണില്‍ തങ്ങളുടെ ലക്ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും 25-കാരനായ ലോകോത്തര താരം വ്യക്തമാക്കി. ഖത്തറിലെ ശൈത്യകാലക്യാമ്പ് പ്രയോജനപ്പെടുത്തി സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കും.

പി.എസ്.ജി.യുമായി യോജിച്ചുപോകാന്‍ ബുദ്ധിമുട്ടുകയാണെന്ന വാര്‍ത്തകള്‍ നെയ്മര്‍ നിഷേധിച്ചു. പി.എസ്.ജി.യിലെ ഓരോ അംഗങ്ങളും തന്നെ ഹൃദ്യമായാണ് സ്വീകരിച്ചതെന്നും പി.എസ്.ജി.ക്കൊപ്പം സന്തുഷ്ടനാണെന്നും നെയ്മര്‍ പറഞ്ഞു. തന്റെ ആരാധകരും ടീമിലെ പിന്തുണയ്ക്കുന്നവരും എല്ലായ്‌പ്പോഴും തനിക്കൊപ്പമുണ്ടെന്നും നെയ്മര്‍ പറഞ്ഞു. പി.എസ്.ജി.യിലെ മറ്റൊരു താരമായ ഉറുഗുയാന്‍ ഹിറ്റ്മാന്‍ എഡിസണ്‍ കവാനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കി. ഫ്രഞ്ച് ടൈറ്റിലും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കവാനിയും വ്യക്തമാക്കി.

അടുത്തിടെയാണ് ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊന്നായ നെയ്മര്‍ ബാഴ്‌സലോണയില്‍നിന്ന് പി.എസ്.ജി.യിലേക്കെത്തിയത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പി.എസ്.ജി.യിലേക്കുള്ള നെയ്മറിന്റെ വരവ് ഖത്തറിന്റെ കായിക ചരിത്രത്തിലെ മികച്ച നേട്ടമാണ്.

ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ ദോഹയിലെത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ ആസ്​പയര്‍ സോണ്‍ ഫൗണ്ടേഷനിലേക്ക് ആരാധകരുടെ പ്രവാഹമാണ്. . നെയ്മറിനെ കൂടാതെ ആരാധകരുടെ പ്രിയ താരങ്ങളായ ഉറുഗുയാന്‍ ഹിറ്റ്മാന്‍ എഡിസണ്‍ കവാനി, ഫ്രഞ്ച് താരം കിലിയാന്‍ മബാപ്പെ എന്നിവരും പരിശീലനത്തിനായി എത്തിയിട്ടുണ്ട്.

താരങ്ങള്‍ താമസിക്കുന്ന ഗ്രാന്‍ഡ് ഹെറിട്ടേജ് ഹോട്ടലിലും ആരാധകരുടെ തിരക്കുണ്ട്. നെയ്മറിന്റെ ഓട്ടോഗ്രാഫ് വാങ്ങാനും ആരാധകരുടെ തിരക്കാണ്. കനത്ത സുരക്ഷയിലും നെയ്മറിനെ കാണുന്നതില്‍നിന്ന് ആരാധകര്‍ പിന്‍മാറിയില്ല. പരിശീലനത്തിനിടെ ഗ്രൗണ്ടിലെത്തിയ ആരാധകരെ നെയ്മര്‍ നിരാശപ്പെടുത്തിയില്ല. പരിശീലനം ചെയ്യുന്ന നെയ്മറിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷമാണ് ആരാധകര്‍ മടങ്ങിയത്.