തിരുവനന്തപുരം:  ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതായി റിപ്പോര്‍ട്ട്. വിതരണത്തിനിടെ നഷ്ടപ്പെട്ടുപോകുന്ന പാക്കുകള്‍ കണ്ടെത്താനായാണ് അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ ഉപഭോക്താക്കളോട് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. പാക്കേജ് നഷ്ടപ്പെട്ടെന്ന പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ വിശ്വസനീയത ഉറപ്പുവരുത്താന്‍ ആധാര്‍ ആവശ്യമാണെന്ന് ആമസോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. ആധാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട പാക്കുകള്‍ കണ്ടെത്തുക ശ്രമകരമായി തീരുകയും ധാരാളം സമയമെടുക്കുകയും ചെയ്യുമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു.

ഉപഭോക്താക്കളുടെ വ്യക്തവിവരങ്ങള്‍ കൃത്യമായി അറിയാനാണ് അധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് ആമസോണ്‍ അറിയിക്കുന്നത്. സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖയാണ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇതില്‍ കൂടുതല്‍ പേരുടെ കൈയിലുമുള്ളത് ആധാര്‍ ആണെന്നും അതിനാലാണ് ആധാറിന് മുന്‍ഗണന നല്‍കുന്നതെന്നും ആമസോണ്‍ ഇന്ത്യയുടെ വക്താവ് പറയുന്നു. ആധാര്‍ ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് സമാനമായ മറ്റ് സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗപ്പെടുത്താനാകുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആധാര്‍ നമ്പര്‍ നല്‍കാത്തതു മൂലം പരാതി രേഖപ്പെടുത്താന്‍ വിസമ്മതിച്ച ആമസോണ്‍ കേന്ദ്രങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പരാതി നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് വലിയ ശ്രമം നടത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആമസോണിന് പുറമേ എയര്‍ ബിഎന്‍ബി, ഉബര്‍, ഒല തുടങ്ങിയ കമ്പനികളും ഉപഭോക്താക്കളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം, ബെംഗളൂരു കമ്പനിയായ കാര്‍ വാടകയ്ക്കു നല്‍കുന്ന ‘സൂംകാര്‍’ തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കിയില്ലെങ്കില്‍ ബുക്കിങ് എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മൊബൈല്‍ വാലറ്റായ പേടിഎമ്മും ആധാര്‍ വിവരങ്ങള്‍ ലിങ്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സബ്‌സിഡി, ബാങ്ക് അക്കൗണ്ട്, ഫോണ്‍ കണക്ഷന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തിനകം ബാങ്ക് അക്കൗണ്ടുകളും ഫ്രെബുവരിയില്‍ ഫോണ്‍ നമ്പറുകളുമായും ആധാറുമായി ബന്ധിപ്പിക്കണമെന്നാണു നിര്‍ദേശം.